Events

ശരത്ചന്ദ്രന്‍ അനുസ്മരണവും ഡോക്യുമെന്ററി പ്രദര്‍ശനവും


2012 ഏപ്രില്‍ 2 തിങ്കള്‍ 5.30 ന്, റീജണല്‍ തിയ്യറ്റര്‍, തൃശൂര്‍

Film: The Third Eye of Resistance/2012/105min/ English and Malayalam
Film on C Sarathchandran Dir: Razi Muhammed

കേരളത്തിലെ ജനകീയ ഡോക്യുമെന്ററി സംവിധായകനായിരുന്ന സി. ശരത്ചന്ദ്രന്റെ ജീവിതത്തെക്കുറിച്ചു പറയുന്ന സിനിമയാണ് റാസി സംവിധാനം ചെയ്ത 'ദ തേഡ് ഐ ഓഫ് റസിസ്റ്റന്‍സ്'. വീട്, സൗഹൃദങ്ങള്‍, അനുഭവങ്ങള്‍, ഓര്‍മ്മകള്‍, കൂടിച്ചേരലുകള്‍, സ്‌നേഹം, കലഹം, സാമൂഹിക ഉത്കണ്ഠകള്‍, സമരങ്ങള്‍, രാഷ്ട്രീയം, യാത്രകള്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍, സിനിമാ പ്രദര്‍ശനങ്ങള്‍, ജലചൂഷണത്തിനും പരിസ്ഥിതി നശീകരണത്തിനുമെതിരായ പ്രക്ഷോപണങ്ങള്‍... ശരതുമായി ബന്ധപ്പെട്ട സുഹൃത്തുക്കളുടെയും ഒപ്പം നടന്നവരുടെയും വൈകാരികമായ ഓര്‍മ്മകളിലൂടെ സിനിമ സഞ്ചരിക്കുന്നു. ഒപ്പം ചാലിയാര്‍, സൈലന്റ്‌വാലി, പ്ലാച്ചിമട, മുത്തങ്ങ, കാതികുടം...കേരളത്തില ജനകീയ സമരങ്ങളെ ഡോക്യുമെന്റ് ചെയ്യാനുള്ള ശ്രമങ്ങളുടെ ചരിത്രംകൂടി ഈ സിനിമ പറഞ്ഞുതരുന്നു. ക്യാമറയും തൂക്കി ഒടുങ്ങാത്ത ആധികളുമായി, സിനിമയെ അത്രമാത്രം സ്‌നേഹിച്ചും പ്രദര്‍ശിപ്പിച്ചും സൗഹൃദങ്ങളില്‍ സ്വയം നഷ്ടപ്പെട്ടും ഇങ്ങനെയും ഒരാള്‍ നമുക്കിടയില്‍ ജീവിച്ചിരുന്നു.
ശരത് ചന്ദ്രനൊപ്പം സമാനമനസ്‌കരായി ഏറെ ദൂരം സഞ്ചരിച്ച പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും ആക്ടിവിസ്റ്റുമായ കെ.പി.ശശി, കവി അന്‍വര്‍ അലി തുടങ്ങിയവര്‍ അനുസ്മരണത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നു. 
താങ്കള്‍ സുഹൃത്തുക്കള്‍ക്കൊപ്പം പങ്കെടുക്കുമല്ലോ.

വിബ്ജിയോര്‍ ഫിലിം കളക്ടീവ്